മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് പൊലീസ് കസ്റ്റഡിയിൽ. നിലമ്പൂർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2022 സെപ്റ്റംബറിൽ നടന്നതായി ആരോപിക്കുന്ന സംഭവത്തിൽ 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിയാണ് പരാതിക്കാരി.
ഇന്നലെ രാത്രി വൈകിയാണ് ഫിലിപ് മമ്പാടിനെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് നടപടികൾ ഉടൻ രേഖപ്പെടുത്തുമെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. മോട്ടിവേഷണൽ പ്രഭാഷകനായും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായും അറിയപ്പെടുന്ന ഫിലിപ് മമ്പാട് വിവിധ വിഷയങ്ങളിലായി നിരവധി വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരാനുണ്ട്.










