റോം: കത്തോലിക്കാ സഭയ്ക്ക് പുതിയ ഏഴ് വിശുദ്ധന്മാർ കൂടി. ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരിൽ മുൻ സാത്താൻ ആരാധകനായ വൈദികനും. ഇതോടെ ലിയോ പതിനാലാമൻ മാർപ്പാപ്പ കത്തോലിക്കാ സഭയുടെ നേതൃ പദവിയിലേക്ക് എത്തിയതിനു ശേഷം വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരുടെ എണ്ണം ഒൻപതായി. മുൻപ് സാത്താൻ ആരാധനയുടെ വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുകയും ചെയ്ത ഇറ്റാലിയൻ അഭിഭാഷകനായ ബാർത്തലോ ലോംഗോ അടക്കം ഏഴ് പുതിയ വിശ്വാസികളാണ് സഭയ്ക്ക് ലഭിച്ചത്.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് ഏഴ് പേരെ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. കത്തോലിക്കാ സഭ ഒരാളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് മൂന്ന് വ്യവസ്ഥകളാണ് വച്ചിരിക്കുന്നത്. ഏറ്റവും പ്രധാനമായി വിശുദ്ധ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തി കുറഞ്ഞത് രണ്ട് അത്ഭുതങ്ങളെങ്കിലും പ്രവർത്തിച്ചിരിക്കണം. ഏറ്റവും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും മുൻപ് മരിച്ച ആളായിരിക്കണം. മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരിക്കണം.


