ഇന്ദോർ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ ബൗളിങ് പ്രകടനവുമായി റെയിൽവേസ് താരം ജംഷേദ് ആലം. സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ നാലോവറിൽ 38 റൺസ് വഴങ്ങി താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ജംഷേദിന്റെ മികവിൽ റെയിൽവേസ് 29 റൺസിന്റെ വിജയം സ്വന്തമാക്കി.
റെയിൽവേസ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ വിശ്വരാജ് ജഡേജയെ രാഹുൽ ശർമ പുറത്താക്കി. മൂന്നോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. എന്നാൽ നാലാം ഓവറിൽ ജംഷേദ് ആലം കളി മാറ്റി.
ആദ്യ പന്തിൽ ഹർവിക് ദേശായിക്ക് റൺസെടുക്കാനായില്ല. രണ്ടാം പന്തിൽ താരം ബൗണ്ടറി നേടി. എന്നാൽ തുടർന്നുള്ള നാല് പന്തുകളിലും സൗരാഷ്ട്രയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം പന്തിൽ ഹർവിക് ദേശായിയെ സുബൈർ അലി ക്യാച്ചെടുത്ത് പുറത്താക്കി. നാലാം പന്തിൽ പ്രേരക് മങ്കാദ് ബൗൾഡായി. അഞ്ചാം പന്തിൽ രുചിത് അഹിറിനെ ഉപേന്ദ്ര യാദവ് ക്യാച്ചെടുത്ത് മടക്കി. അവസാന പന്തിൽ സമ്മർ ഗജ്ജാർ എൽബിഡബ്ല്യുവിലും പുറത്തായി.
നാലോവർ പിന്നിടുമ്പോൾ 24 റൺസിന് അഞ്ച് വിക്കറ്റുകൾ എന്ന നിലയിലേക്ക് സൗരാഷ്ട്ര തകർന്നു. തന്റെ ആദ്യ ഓവറിൽ തന്നെ നാല് വിക്കറ്റുകൾ വീഴ്ത്തിയ ജംഷേദ് ആറാം ഓവറിൽ സിദ്ധാന്ത് റാണയെയും പുറത്താക്കി അഞ്ചു വിക്കറ്റ് നേട്ടം പൂർത്തിയാക്കി.
57 റൺസിന് എട്ട് വിക്കറ്റ് നഷ്ടമായിട്ടും ഒൻപതാം വിക്കറ്റിൽ ഹർവാൻഷ് പംഗാലിയയും ക്രയിൻസ് ഫുലെത്രയും ചേർന്ന് സൗരാഷ്ട്രയ്ക്കായി പൊരുതി. ഇരുവരും ചേർന്ന് 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സൗരാഷ്ട്രയുടെ ഇന്നിങ്സ് 153 റൺസിൽ അവസാനിച്ചു.
ആദ്യം ബാറ്റുചെയ്ത റെയിൽവേസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ സൗരാഷ്ട്രയെ 153 റൺസിൽ ഒതുക്കിയ റെയിൽവേസ് 29 റൺസിന്റെ വിജയം സ്വന്തമാക്കി.


