കണ്ണൂർ: കുറ്റ്യാട്ടൂർ പാവന്നൂർ കടവ് പള്ളിക്ക് സമീപം സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാല് വയസുകാരി മരിച്ചു. കുറ്റിക്കുന്നുമ്മൽ പി.കെ. മുഹമ്മദ് സാജിദ്, എം.കെ. മൈമൂനത്ത് ദമ്പതികളുടെ മകൾ തഷ്റീഫയാണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ മാതാപിതാക്കൾക്കൊപ്പം ഇരിക്കവെ അമിതവേഗത്തിൽ എത്തിയ ഗുഡ്സ് വാഹനം ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മാതാപിതാക്കളായ സാജിദും മൈമൂനത്തും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാവന്നൂർ എഎൽപി സ്കൂളിൽ എൽകെജി വിദ്യാർഥിനിയായി തഷ്റീഫയെ അടുത്തിടെ ചേർത്തിരുന്നു. സ്കൂളിൽ പോകാനിരിക്കെയായിരുന്നു ദുരന്തം ഉണ്ടായത്.






