തൃശ്ശൂർ : ദേവമാതാ പ്രവേശയിലെ അമ്പഴക്കാട് കോട്ടക്കൽ ആശ്രമാംഗം, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ജോസ് സ്റ്റീഫൻ മേനാച്ചേരി (86) അന്തരിച്ചു. അമല ആശുപത്രിയോടനുബന്ധിച്ചുള്ള സാന്ത്വനം ഭവനത്തിൽ വച്ച് ഫെബ്രുവരി 14 ശനിയാഴ്ച്ച രാവിലെ ആയിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി അദ്ദേഹം അമ്പഴക്കാട് ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മൃതസംസ്കാരം 16 ന് തിങ്കൾ, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അമ്പഴക്കാട് ആശ്രമത്തിൽ നടക്കും. മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ഇന്ന് രാവിലെ 6 30ന് സാന്ത്വനത്തിൽ നടത്തുകയും തുടർന്ന് അമ്പഴക്കാട് ആശ്രമത്തിലേക്ക് സംവഹിക്കപ്പെടുകയും പൊതുദർശനത്തിന് വയ്ക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിങ്ങാലക്കുട മെത്രാൻ പോളി കണ്ണുക്കാടൻ്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും മൃതസംസ്കാര ശുശ്രൂഷയുടെ അന്ത്യഭാഗവും നടത്തപ്പെടും.
ചാലക്കുടി മേനാച്ചേരി എസ്തപ്പാനോസ് ഏലിയ ദമ്പതികളുടെ മകനാണ് ജോസച്ചൻ. 1940 ലാണ് ജനനം. 1956 ൽ ഏൽത്തുരുത്ത് മൈനർ സെമിനാരിയിൽ പ്രവേശിച്ചു. 1960ൽ അമ്പഴക്കാട് വെച്ച് പ്രഥമ വ്രതവാഗ്ദാനം ചെയ്ത് സി എം ഐ സഭാംഗമായി. സെമിനാരി പഠനം ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ പൂർത്തിയാക്കി 1974 ൽ തലോരിൽ വച്ച് മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
കെമിസ്ട്രിയിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അധ്യാപകനും ഹോസ്റ്റൽ വാർഡനുമായിട്ടായിരുന്നു സേവനങ്ങളുടെ തുടക്കം. പിന്നീട് അവിടെത്തന്നെ പ്രിൻസിപ്പാളും മാനേജറുമായി. ഏൽതുരുത്ത് സെൻറ് അലോഷ്യസ് കോളേജിലും പ്രൊഫസറായും മാനേജറായും സേവനം ചെയ്തു. പാവറട്ടി,ചാലക്കുടി, അമ്പഴക്കാട് എന്നീ ആശ്രമങ്ങളും അദ്ദേഹത്തിൻ്റെ സേവന വേദികൾ ആയിരുന്നു. ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ കൗൺസിലർ, ബാംഗ്ലൂർ ധർമ്മാരാം കോളേജ് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.










