റിയാദ്: സൗജന്യമായി സിം കാർഡ് നൽകാമെന്ന വ്യാജേന തൊഴിലാളുടെ ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തിയതായി പരാതി. യാംബുവിലുള്ള എട്ട് ഇന്ത്യൻ തൊഴിലാളികളാണ് തട്ടിപ്പിനിരയായത്. പ്രമുഖ സിം കമ്പനിയുടെ അധികൃതരാണെന്ന വ്യജേന തട്ടിപ്പ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും പ്രത്യേക ഓഫർ എന്ന നിലയിൽ സൗജന്യമായി സിം നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പ്രമുഖ സിം കമ്പനിയുടെ തിരിച്ചറിയൽ കാർഡും വിരലടയാള റീഡിങ് മെഷീനുകളും ലാപ്ടോപുകളും ഉൾപ്പടെയാണ് സംഘം സ്ഥലത്ത് എത്തിയത്. അത് കൊണ്ട് തൊഴിലാളികൾക്ക് സംശയം തോന്നിയതുമില്ല.
പിന്നീട് തട്ടിപ്പ് സംഘം സിം എടുക്കാൻ ആവശ്യമായ രേഖകളും കയ്യടയാളങ്ങളും ഇവരിൽ നിന്ന് ശേഖരിച്ചു. റമദാൻ ഓഫറായി ആണ് സിം സൗജന്യമായി നൽകുന്നത് എന്നും.റമദാൻ ദിനങ്ങളിൽ സിം ആക്ടിവേറ്റ് ആകുമെന്നും പറഞ്ഞ ശേഷം സംഘം മടങ്ങി. എന്നാൽ റമദാൻ കഴിഞ്ഞിട്ടും സിം ആക്റ്റിവേഷൻ ആകാത്തത് കൊണ്ട് തൊഴിലാളികൾ സിം ഉപേക്ഷിച്ചു. സൗജന്യമായി ലഭിച്ചത് കൊണ്ട് തന്നെ അവർ അത് അത്ര കാര്യമായി എടുത്തതുമില്ല.
ഒരു മാസം കഴിഞ്ഞപ്പോൾ മറ്റൊരു പ്രമുഖ ടെലിഫോൺ കമ്പനിയിൽ നിന്ന് തൊഴിലാളികൾക്ക് 92 റിയാൽ അടക്കണമെന്ന സന്ദേശം ലഭിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആ കമ്പനിയുടെ ഓഫീസിൽ എത്തിയപ്പോഴാണ് തൊഴിലാളികൾ തട്ടിപ്പിന് ഇരയായതായി മനസിലായത്. അവരുടെ തൊഴിൽ രേഖകൾ ഉപയോഗിച്ചു ഇതേ കമ്പനിയുടെ ഇന്റർനെറ്റ് മോഡം രണ്ടു വർഷത്തേക്കു ആരോ എടുത്തതായും അതിന്റെ ആദ്യ മാസത്തേ ബിൽ ആണ് 92 റിയാൽ എന്നും അധികൃതർ പറഞ്ഞു.
.



