തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷ ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി. ഇതോടെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാനാകും. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചും മാതൃഭാഷാ നയം മുൻനിർത്തിയുമാണ് നടപടി.
എൽ.എൽ.ബി പ്രവേശന പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിലും ലഭ്യമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നേരത്തെ നിർദേശം നൽകിയിരുന്നു. മലയാളം ഐക്യവേദി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പരീക്ഷയുടെ നിലവാരം നിലനിർത്തിക്കൊണ്ട് കൂടുതൽ വിദ്യാർഥിസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യപേപ്പർ ദ്വിഭാഷാ രീതിയിലേക്ക് മാറ്റുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പറിന്റെ വിവർത്തനത്തിലെ കൃത്യത ഉറപ്പാക്കാനും പരീക്ഷയുടെ രഹസ്യസ്വഭാവം സംരക്ഷിക്കാനും നിയമപരിജ്ഞാനമുള്ള വിദഗ്ധരുടെ പാനൽ രൂപീകരിക്കും. വിവർത്തനത്തിൽ അർഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക. ഇക്കാര്യം പരീക്ഷയുടെ പ്രോസ്പെക്ടസിലും ഉൾപ്പെടുത്തും.




