തൃശ്ശൂർ: കാറളത്ത് വീട്ടിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സാവിത്രി (79) ധരിച്ചിരുന്ന ഏകദേശം 16 പവൻ സ്വർണം നഷ്ടമായിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
പട്ടാപ്പകൽ ജനവാസ മേഖലയിലാണ് സംഭവം നടന്നത്. സാവിത്രി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വിജയനും മകനും മരുമകളും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വൈകിട്ട് 4.15ഓടെ വീട്ടിലെത്തിയ ചെറുമകൾ റിതികയാണ് സാവിത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാവിത്രി ധരിച്ചിരുന്ന അഞ്ച് വളകൾ, അഞ്ച് പവന്റെ മാല, മോതിരങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. സാരിത്തലപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വീടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൊലയാളിയുടേതെന്ന് സംശയിക്കുന്ന കൈയുറയും വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നാട്ടുകാരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. സാവിത്രിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.




