കോഴിക്കോട് : നിശബ്ദ പ്രചാരണത്തിൽ അവസാനവട്ട തയ്യാറെടുപ്പിൽ മുന്നണികൾ. എന്ത് വില കൊടുത്തും കോഴിക്കോട് കോർപ്പറേഷൻ ഭരണം നില നിർത്താനായി എൽ.ഡി.എഫ് ഒരുങ്ങുമ്പോൾ എൽ.ഡി.എഫിനെ ഭരണത്തിൽ നിന്നും തൂത്തെറിയാനായി കടുത്ത വെല്ലുവിളിയുമായി യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുമുണ്ട്.
കോർപ്പറേഷൻ ഭരണത്തിൽ നിന്നും പുറത്ത് പോയാൽ എൽ.ഡി.എഫിന് അത് കടുത്ത തലവേദനയായി മാറും. കേരള ചരിത്രത്തിൽ തന്നെ സുദീർഘമായ കാലഘട്ടം എൽ.ഡി.എഫ് ഭരിച്ചു കൊണ്ടിരിക്കുന്ന കോർപ്പറേഷനാണ് കോഴിക്കോട്. അതുകൊണ്ട് തന്നെ ഭരണം നഷ്ടമായാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ നില കോഴിക്കോട് പരുങ്ങലിലാവും. യു.ഡി.എഫ് ഭരണം പിടിച്ചാൽ അവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് ഊർജ്ജം പകരുന്നതാകും കോഴിക്കോട്.
എൻ.ഡി.എയുടെ നില പരിശോധിക്കുകയാണെങ്കിൽ ഘട്ടം ഘട്ടമായി കോഴിക്കോട് കോർപ്പറേഷനിലെ ഓരോ വാർഡുകളും പിടിച്ചെടുത്തു കൊണ്ട് മുന്നേറുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. ചിട്ടയായ പാർട്ടി പ്രവർത്തനത്തിലൂടെ ജനിങ്ങളിലേക്കിറങ്ങി ചെന്ന് പ്രവർത്തിക്കാൻ എൻ.ഡി.എയ്ക്ക് സാധിക്കുന്നു. കഴിഞ്ഞ തവണ രണ്ടാമതായ ഇടങ്ങളിൽ ഈ തവണ വിജയിച്ചു കയറാം എന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ ക്യാമ്പ്. മൂന്ന് മുന്നണികളും നിശബ്ദ പ്രചാരണം പരമാവധി ആളുകളിലേക്ക് ഇറങ്ങി ചെന്ന് നടത്തി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കോഴിക്കോട് ഇന്ന് കാണാൻ കഴിയുന്നത്.










