ന്യൂഡൽഹി: ലോകത്തിലെ ഇന്ധന-വാതക ആവശ്യങ്ങളുടെ വലിയൊരു വിഹിതം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടച്ചിട്ടതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന ആശങ്ക ആവശ്യമില്ലെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്ത് മതിയായ കരുതൽ ശേഖരം നിലവിലുണ്ടെന്നും അവ വ്യക്തമാക്കി.
പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കമ്പനികൾ സംയുക്തമായി അറിയിച്ചു. ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കേണ്ട സാഹചര്യമില്ലെന്നും അവർ അറിയിച്ചു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ സ്റ്റോക്കുകൾ സുരക്ഷിതമാണെന്നും പതിവുപോലെ ഉപയോഗിക്കാമെന്നും വ്യക്തമാക്കി.
അതേസമയം, പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള സാഹചര്യത്തെ ഗൗരവകരമെന്ന് വിശേഷിപ്പിച്ചു. യുദ്ധം നീണ്ടുനിൽക്കുന്നത് ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കാനിടയുണ്ടെന്നും എണ്ണ, ഗ്യാസ്, വളം തുടങ്ങിയവ വഹിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ശ്രമം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് വെല്ലുവിളിയെയും നേരിടാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങളും സർക്കാർ തള്ളി. ഇന്ധനക്ഷാമത്തെ കുറിച്ച് ഭയപ്പെടേണ്ടതില്ലെങ്കിലും പ്രകൃതി വിഭവങ്ങൾ മിതമായി ഉപയോഗിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ എടുത്ത ദീർഘദർശിയായ തീരുമാനങ്ങളാണ് ഇത്തരം പ്രതിസന്ധികളെ നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






