കോഴിക്കോട്: തനിക്ക് ഒടുവിൽ പൂർണ്ണ നീതി ലഭിച്ചുവെന്നും, അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്തവർക്ക് തന്റെ ജോലി തന്നെയാണ് മറുപടിയെന്നും ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് അവർ പ്രതികരിച്ചത്.
2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തെ തുടർന്ന് വർഷങ്ങളായി നീണ്ടുനിന്ന നിയമ-സമര പോരാട്ടത്തിനൊടുവിലാണ് ഹർഷിനയ്ക്ക് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ലഭിച്ചത്.
ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കാനെത്തിയ ഹർഷിന, ഒമ്പത് വർഷം നീണ്ട ദുരിതകാലത്തെക്കുറിച്ചും നാല് വർഷത്തോളം നടത്തിയ സമരത്തെക്കുറിച്ചും സംസാരിച്ചു. ആരോഗ്യപരമായും വിദ്യാഭ്യാസപരമായും വലിയ നഷ്ടങ്ങളാണ് സംഭവിച്ചതെന്ന് അവർ പറഞ്ഞു. നല്ല രീതിയിൽ മുന്നോട്ടുപോകുമായിരുന്ന ബിരുദ പഠനം പോലും പൂർത്തിയാക്കാനായില്ലെന്നും ഹർഷിന വ്യക്തമാക്കി.
താൻ ആവശ്യപ്പെട്ടതല്ല ജോലി, അധികൃതർ തന്നെയാണ് മുന്നോട്ടുവന്ന് നൽകിയത്. തുടർചികിത്സയും ഉറപ്പുനൽകിയതോടെ വലിയ ആശ്വാസമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.
കേസിന്റെ കാര്യത്തിൽ ചോദിച്ചപ്പോൾ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറഞ്ഞ ഹർഷിന, വി.ഡി. സതീശനും ആരോഗ്യ മന്ത്രിയും പിന്തുണച്ചതായും വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റായാണ് ഹർഷിനയെ നിയമിച്ചിരിക്കുന്നത്. ആശുപത്രി വികസന സമിതി വഴിയുള്ള സ്ഥിര നിയമനമാണിത്.






