തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ സസ്പെൻഷനിൽ അന്തിമ തീരുമാനം കുറ്റപത്രം വന്ന ശേഷം എടുക്കുമെന്ന് സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് തുടർ നടപടികൾ ഉണ്ടാകുമെന്ന് പാർട്ടി വ്യക്തമാക്കി. ആത്മകഥ എഴുതുമെന്ന് പത്മകുമാർ നൽകിയതായി പറയുന്ന സൂചനകൾ നടപടിയെ സ്വാധീനിച്ചിട്ടില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.
കടുത്ത നടപടി ഉണ്ടായാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്ക് ഉൾപ്പെടെ വെളിപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ നിലപാട് നടപടിയെ സ്വാധീനിച്ചുവെന്ന രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
കേസിന്റെ വിവിധ ഘട്ടങ്ങളിൽ പത്മകുമാറിനെ പിന്തുണച്ചിരുന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പിന്നീട് കർശന നടപടി വേണമെന്ന നിലപാടിലേക്ക് മാറിയിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ കണക്കിലെടുത്ത് ശക്തമായ നടപടി അനിവാര്യമാണെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. എങ്കിലും നിലവിൽ സസ്പെൻഷനിൽ തുടരാൻ തീരുമാനിച്ച നടപടിക്ക് ജില്ലാ കമ്മിറ്റി അംഗീകാരം നൽകിയിരിക്കുകയാണ്. കുറ്റപത്രം വരുന്നതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.





