കൊല്ലം: ചടയമംഗലത്തെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയിൽ. എൻജിനീയറിങ് വിദ്യാർഥിയടക്കം മൂന്നുപേരാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് ഇവർ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജസീം ഒളിവിലാണ്. പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ഒന്നരയോടെയാണ് ചടയമംഗലത്തെ മൊബൈൽ ഷോപ്പിന്റെ പിൻഭാഗം തകർത്ത് കവർച്ച നടന്നത്. സംഭവത്തിൽ കല്ലമ്പലം സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ആഷിക്, എൻജിനീയറിങ് വിദ്യാർഥിയായ മുഹമ്മദ് ഇർഫാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഒന്നാം പ്രതിയായ ജസീമും അൽ അമീനും ചേർന്നാണ് കടയ്ക്കുള്ളിൽ കയറി മോഷണം നടത്തിയത്. ഇവർ മോഷ്ടിച്ച സാധനങ്ങൾ പുറത്ത് കാറിൽ കാത്തുനിന്ന സഹായികൾക്ക് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പുകളും ഫോണുകളും ജസീമിന്റെ ഉടമസ്ഥതയിലുള്ള കല്ലമ്പലത്തെ പഞ്ചർ കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു.




