ടെല്‍ അവീവ്: ഇസ്രയേലില്‍ നിര്‍ണായക പൊതു തെരഞ്ഞെടുപ്പ് നാളെ നടക്കും. പശ്ചിമേഷ്യൻ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടര്‍ന്ന് ഗാസയില്‍ ആരംഭിച്ച യുദ്ധത്തിനും ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പു കൂടിയാണിത്.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ‘ലികുഡ്’ പാര്‍ട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും കടുത്ത മത്സരമാണ് നേരിടുന്നത്. മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട് നയിക്കുന്ന ‘യഷാര്’ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് നെതന്യാഹുവിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് ദിനമായ ചൊവ്വാഴ്ച പൊതു അവധിയാണ്.
പ്രാദേശിക സമയം രാവിലെ ഏഴുമണിമുതല്‍ രാത്രി 10 മണിവരെയാണ് പോളിങ് നടക്കുക. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ, വോട്ടര്‍പ്പട്ടികയില്‍ പേരുള്ള എല്ലാ ഇസ്രയേല്‍ പൗരന്മാര്ക്കും പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഇസ്രയേല്‍ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം വരുന്ന അറബ് പൗരന്മാരുടെ പോളിങ് ശതമാനം ഇത്തവണത്തെ നിര്‍ണായകമാകും.




