തിരുവനന്തപുരം: ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. കേരളത്തിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയ ‘ദൃശ്യം 3’, വെറും ഏഴ് ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണിത്.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 18 മുതൽ ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ആഗോള തിയേറ്ററിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസാണ് സ്വന്തമാക്കിയത്. ഏകദേശം 350 കോടി രൂപയുടെ പ്രീ-ബിസിനസ് ഡീലാണ് നടന്നതെന്നാണ് സൂചന. ബോളിവുഡിലെ പെൻ സ്റ്റുഡിയോസും നിർമാണത്തിൽ പങ്കാളിയാണ്.
ചിത്രം ഇതിനകം 330 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. ബോക്സ് ഓഫീസ് കളക്ഷന് പുറമെ ഒടിടി സാറ്റലൈറ്റ് ബിസിനസ് എന്നിവ ഉൾപ്പെടെയുള്ള വരുമാനമാണിത്.





