തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെ വിജയിപ്പിക്കാൻ സാമ്പത്തികമായി കഴിവുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ തയ്യാറാകണമെന്നും, അർഹരായവർക്ക് മാത്രം സൗജന്യ യാത്ര ലഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിലൂടെ പദ്ധതി കൂടുതൽ കാര്യക്ഷമമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗിവ് അപ്പ്’ പദ്ധതിയെ ഉദാഹരിച്ചാണ് സുരേഷ് ഗോപി പ്രതികരിച്ചത്. “എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരാളുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല” എന്ന മനോഭാവം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും, കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ ശക്തമായ സാമ്പത്തിക അടിത്തറ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ആദ്യ ഘട്ടത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം, സർക്കാരും വിദഗ്ധരും ചേർന്ന് മികച്ച പ്ലാൻ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് വികസന വിഷയങ്ങളിൽ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും, ജനങ്ങൾക്ക് മികച്ച സേവനം നൽകുക എന്നതായിരിക്കണം ലക്ഷ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.





