കൊച്ചി: നിലവിലുള്ള പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തിക്കുറിച്ച് മുന്നേറുന്ന മോഹൻലാൽ-ജീത്തു ചിത്രം ദൃശ്യം 3 ഇപ്പോൾ ടിക്കറ്റ് വിൽപ്പനയിൽ ഒരു പുതിയ ഓൾ ടൈം റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ, റിലീസിന്റെ മൂന്നാം ദിനത്തിൽ മാത്രം 3.62 ലക്ഷം ടിക്കറ്റുകളാണ് ദൃശ്യം 3 വിറ്റഴിച്ചത്.
ബുക്ക് മൈ ഷോ പ്രതിദിന ട്രാക്കിംഗ് ആരംഭിച്ചതിന് ശേഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാം ദിന വിൽപ്പനയാണിത്. ഈ വിഭാഗത്തിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’, ‘തുടരും’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ ഇട്ട റെക്കോർഡുകളാണ് ജോർജ്ജുകുട്ടിയും കുടുംബവും മറികടന്നത്. അതേസമയം, റിലീസ് ചെയ്ത് വെറും 3 ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. വെറും 58 മണിക്കൂർ കൊണ്ടാണ് ചിത്രം ഈ ചരിത്ര നേട്ടം കൈവരിച്ചതെന്ന് നിർമ്മാതാക്കൾ ഒദ്യോഗികമായി സ്ഥിരീകരിച്ചു.





