കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ തിരുപ്പറപ്പിന് സമീപം കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ പിടിയിലായി. ഏകദേശം 300 കിലോ ഭാരമുള്ള മുതലയെയാണ് വനംവകുപ്പിന്റെ പ്രത്യേക സംഘം പിടികൂടിയത്.
വനംവകുപ്പ് സ്ഥാപിച്ച പ്രത്യേക വലയിലാണ് മുതല കുടുങ്ങിയത്. ഏഴ് മാസം മുമ്പാണ് കോതയാറിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മുതലയുടെ ദൃശ്യങ്ങളും അന്ന് പകർത്തിയിരുന്നു. തുടർന്ന് മുതലയെ പിടികൂടുന്നതിനായി വനംവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു.
കോഴിയെയും ആടിനെയും ഇരയായി ഉപയോഗിച്ച് പലതവണ കെണി ഒരുക്കിയെങ്കിലും മുതല കെണിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ മുതലയെ പിടികൂടിയത്. മുതല പിടിയിലായതോടെ പ്രദേശവാസികളുടെ ആശങ്കയ്ക്ക് ആശ്വാസമായിരിക്കുകയാണ്.


