കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്തിനെയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ കാസർകോട് സൈബർ പോലീസ് പിടികൂടിയത്.
2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയാണ് തട്ടിപ്പ് നടന്നത്. നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി.
മണി ലോണ്ടറിങ് കേസിൽ ഡോക്ടർക്ക് പങ്കുണ്ടെന്നും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം നൽകണമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1,19,35,000 രൂപ തട്ടിയെടുത്തത്.
തട്ടിപ്പിനെ തുടർന്ന് കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറുടെ കനറാ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46.25 ലക്ഷം രൂപ നാഗാലാൻഡിലെ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതിൽ നിന്ന് 9.60 ലക്ഷം രൂപ രണ്ട് ഇടപാടുകളിലായി ഷംഷാദ് ചുരകുത്തിന്റെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും പൊലീസ് കണ്ടെത്തി. ഇതിൽ ഒമ്പത് ലക്ഷം രൂപ ചെക്ക് വഴി പിൻവലിച്ച് ചെലവഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രതി വിദേശത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. സെപ്റ്റംബർ 17ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതോടെയാണ് കാസർകോട് സൈബർ പോലീസിന് വിവരം ലഭിച്ചത്.
തുടർന്ന് സൈബർ പൊലീസ് സംഘം ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.



