ജനീവ: ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണസംഖ്യയിൽ 30 ശതമാനം വർധനവുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ പുതിയ എപ്പിഡെമിയോളജിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1999ന് ശേഷം ഒരു വർഷത്തിനിടെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കോളറ മരണനിരക്കാണിത്.
കഴിഞ്ഞ വർഷം ലോകത്തെ 47 രാജ്യങ്ങളിൽ നിന്നായി 4,51,499 കോളറ കേസുകളും 7,870 മരണങ്ങളുമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ പരിശോധനയും രോഗവിവര റിപ്പോർട്ടിങ്ങും കാര്യക്ഷമമല്ലാത്ത മേഖലകളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ യഥാർഥ രോഗബാധിതരുടെയും മരണങ്ങളുടെയും എണ്ണം ഇതിലും ഇരട്ടിയാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
റിപ്പോർട്ട് ചെയ്ത കോളറ കേസുകളുടെയും മരണങ്ങളുടെയും ഏകദേശം 90 ശതമാനവും അങ്കോള, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, സൗത്ത് സുഡാൻ, സുഡാൻ, യമൻ എന്നീ ഏഴ് രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ ആഫ്രിക്കൻ മേഖലയിലാണ് രോഗബാധ ഏറ്റവും രൂക്ഷമായത്. 2024നെ അപേക്ഷിച്ച് ആഫ്രിക്കയിൽ കോളറ കേസുകളിൽ 34 ശതമാനവും മരണങ്ങളിൽ 58 ശതമാനവും വർധന രേഖപ്പെടുത്തി.
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന വിബ്രിയോ കോളറേ ബാക്ടീരിയയാണ് കോളറയ്ക്ക് കാരണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമായ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. റിപ്പോർട്ട് ചെയ്ത കോളറ മരണങ്ങളിൽ അഞ്ചിലൊന്നിലധികവും ആശുപത്രികൾക്ക് പുറത്താണ് സംഭവിച്ചത്. രോഗബാധിതർക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കുന്നതിലെ പോരായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ശുദ്ധജല ലഭ്യതയും ശുചിത്വവും ഉറപ്പാക്കുന്നതിനൊപ്പം രോഗനിരീക്ഷണവും പ്രതിരോധ കുത്തിവെപ്പും ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചിക്വെ ഇഹെക്വിയാസു പറഞ്ഞു. ഇതിന്റെ ഭാഗമായി കോളറ വാക്സിൻ ഉത്പാദനം 2022ലെ മൂന്ന് കോടിയിൽനിന്ന് എട്ട് കോടിയായി ഉയർത്തിയിട്ടുണ്ട്. മൂന്ന് വർഷത്തോളം നിർത്തിവച്ചിരുന്ന മുൻകരുതൽ വാക്സിനേഷൻ നടപടികളും ഈ വർഷം പുനരാരംഭിച്ചു.
കോളറയ്ക്ക് പുറമെ മെനിഞ്ചൈറ്റിസ്, പ്ലേഗ് എന്നീ പകർച്ചവ്യാധികളെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ മെനിഞ്ചൈറ്റിസ് ബെൽറ്റിലെ 24 രാജ്യങ്ങളിൽനിന്നായി കഴിഞ്ഞ വർഷം 21,526 സംശയാസ്പദ കേസുകളും 971 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയ വാക്സിനുകളുടെ വരവ് മെനിഞ്ചൈറ്റിസ് പ്രതിരോധത്തിന് സഹായകമായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ അഞ്ച് തരത്തിലുള്ള ബാക്ടീരിയകളെ പ്രതിരോധിക്കുന്ന Men5CV വാക്സിൻ നൈജർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിജയകരമായി വിതരണം ചെയ്യുന്നുണ്ട്.
2019നും 2025നും ഇടയിൽ ലോകത്തെ 10 രാജ്യങ്ങളിൽനിന്നായി 3,847 പ്ലേഗ് കേസുകളും 423 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും മഡഗാസ്കറിലും പ്രധാനമായും എൻഡമിക് ആയി തുടരുന്ന പ്ലേഗിനെ പ്രതിരോധിക്കാൻ മൃഗങ്ങളിലും എലികളിലും കൃത്യമായ രോഗനിരീക്ഷണം തുടരേണ്ടത് അനിവാര്യമാണെന്നും ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു.




