തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഏകീകൃത ഹെൽത്ത് ഡാറ്റ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കോവിഡ് മഹാമാരിക്ക് ശേഷം പലവിധ അസുഖങ്ങളും വർധിച്ച സാഹചര്യത്തിൽ രോഗപ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജീവിതശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജീവിതരീതിയിൽ മാറ്റം വരുത്തുന്നതിനുള്ള കൃത്യമായ മാർഗങ്ങൾ കണ്ടെത്തണം. രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ഊന്നൽ നൽകി സംസ്ഥാനത്ത് വലിയ ക്യാംപെയിൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തെ വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള രോഗികളെയും കേരളത്തിലേക്ക് എത്തിക്കാനാകണം. കോഴിക്കോട് രാജ്യത്തെ തന്നെ വലിയ ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ സെന്ററുകളിലൊന്ന് സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. രണ്ട് വർഷത്തിനകം സെന്റർ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




