മുംബൈ: മുംബൈയിലെ ശിവാജി പാർക്കിൽ കോക്രോച് ജനത പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മലയാളി വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. താനെയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ള (75) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിനായി വൈകിട്ട് 4.30ഓടെയാണ് ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ള താനെയിൽനിന്ന് ദാദറിലെ ശിവാജി പാർക്കിലെത്തിയത്. വൈകിട്ട് അഞ്ചുമണിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെയും സഹായത്തോടെ ഉടൻ സമീപത്തെ ശുശ്രൂഷ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷയുടെ ഭാഗമായി സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



