തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ആഗോള നഗരങ്ങളിൽ ‘കേരള ഡെസ്കുകൾ’ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി. ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡെസ്കുകൾ പ്രവർത്തിക്കുക.
സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി. പ്രവാസി സമൂഹത്തിന്റെ പിന്തുണ പണമയയ്ക്കലിൽ മാത്രം പരിമിതപ്പെടുത്താതെ നിക്ഷേപങ്ങളിലേക്കും വ്യവസായ വികസനത്തിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിലാണ് ഡെസ്കുകളുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം.
ഡെസ്കുകൾ വഴി ലഭിക്കുന്ന നിക്ഷേപ താൽപ്പര്യങ്ങൾ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KSIDC) ‘ഇൻവെസ്റ്റ് കേരള സെൽ’ വഴി പരിഗണിക്കും. സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ നിക്ഷേപ നടപടികൾ വേഗത്തിലാക്കാനും ലക്ഷ്യമിടുന്നു.
പ്രവാസി വ്യവസായികളെയും പുതിയ നിക്ഷേപകരെയും കേരളത്തിലെ വ്യവസായ മേഖലയുമായി കൂടുതൽ അടുപ്പിക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും വഴിയൊരുക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.




