തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. പീക്ക് സമയത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനുമായി (NTPC) ചർച്ച നടത്താനാണ് തീരുമാനം.
യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ന് മുതൽ തന്നെ അധിക വൈദ്യുതി എത്തിക്കാനുള്ള നടപടികൾ ആരംഭിക്കാനാണ് നീക്കം. നിലവിൽ യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതിയുണ്ടായിരുന്നത്.
NTPCയുടെ രത്നഗിരി പവർ പ്ലാന്റിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒഡീഷയിലെ ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നുൾപ്പെടെ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമവും നടക്കുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശൻ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, ഫിനാൻസ് അഡീഷണൽ സെക്രട്ടറി, ടാക്സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായവും തേടുകയാണ് കെഎസ്ഇബി. ബോർഡ് ഡയറക്ടർമാർ ഇന്ന് ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തി അധിക വൈദ്യുതി ലഭ്യമാക്കാനാണ് നീക്കം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടി വൈദ്യുതി ലഭിച്ചാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്.
അതേസമയം, 12 ദിവസത്തിന് ശേഷം ഇന്നലെ രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞത് കെഎസ്ഇബിക്ക് ആശ്വാസമായി. ഞായറാഴ്ച വൈദ്യുതി ഉപഭോഗം കുറഞ്ഞതും റിയൽ ടൈം മാർക്കറ്റിൽ ആവശ്യത്തിന് വൈദ്യുതി ലഭിച്ചതുമാണ് നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചത്.
പീക്ക് സമയത്തെ ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ അധിക വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി തുടരുകയാണ്.



