കോട്ടയം: സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട അഴിമതി കേസിൽ വിജിലൻസ് കോടതി വെറുതെവിട്ടിട്ടും, കേസിന്റെ പേരിൽ സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പറഞ്ഞു. “രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായാണ് സർക്കാർ വീണ്ടും കേസിനെ ഉയർത്തിപ്പിടിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഈ കേസ് പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു.
475 ദിവസങ്ങൾ വൈകിയ ശേഷം സർക്കാർ നൽകിയ അപ്പീൽ കേരള ഹൈക്കോടതി സ്വീകരിച്ചതിനെതിരെ, അടൂർ പ്രകാശ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിൽ സർക്കാരിന് കൃത്യമായ വിശദീകരണം നൽകാനാകാതിരുന്നുവെന്നും, അപ്പീൽ ചട്ടങ്ങൾ ലംഘിച്ചാണ് നൽകിയതെന്നും അപീലിൽ അടൂർ പ്രകാശ് ആരോപിച്ചു.
2005-06 കാലയളവിൽ അടൂർ പ്രകാശ് ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ, കോഴിക്കോടുകാരനിൽ നിന്ന് റേഷൻ ഡിപ്പോ അനുവദിക്കുന്നതിനായി ₹25 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതായി ആയിരുന്നു പരാതി. തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിക്കുകയും, 2006-ൽ കേസ് രജിസ്റ്റർ ചെയ്യുകയും, അടൂർ പ്രകാശിനെ പ്രതിയാക്കുകയും ചെയ്തു. എന്നാൽ, വിജിലൻസ് കോടതി തുടര്‍ന്നുള്ള വിചാരണയിൽ അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കുകയും, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ വിധിയെ വൈകിയിട്ട് 475 ദിവസം കഴിഞ്ഞ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇത് ചട്ടങ്ങൾ തെറ്റിച്ചാണ് നൽകപ്പെട്ടതെന്നും, ഹൈക്കോടതി അത് അനുയോജ്യമായി സ്വീകരിച്ചതിനെതിരെ ആക്ഷേപമുണ്ട്.




