കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അനസ്തീഷ്യ, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് ബോർഡിലുള്ളത്.
കുട്ടിക്ക് നൽകിയ മരുന്നുകൾ, ചികിത്സാ നടപടികൾ, ഡോക്ടർമാരുടെയും ആശുപത്രി മാനേജ്മെന്റിന്റെയും പങ്ക് തുടങ്ങിയ കാര്യങ്ങൾ മെഡിക്കൽ ബോർഡ് പരിശോധിക്കും. ചികിത്സയുടെ പേരിൽ അധിക പണം ഈടാക്കാനുള്ള ശ്രമമുണ്ടായിരുന്നോ എന്നും പരിശോധിക്കും.
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. അനസ്തീഷ്യ നൽകിയ ശേഷം തുടർ ചികിത്സ നൽകുന്നതിൽ കാലതാമസം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കീഴ്ച്ചുണ്ടിനും താടിക്കും ഇടയിലെ മുറിവിന് തുന്നലിടാനാണ് അനസ്തീഷ്യ നൽകിയത്. അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുട്ടിക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുകയും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു.




