കണ്ണൂർ: വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനായ ഷബിൻ (28) ആണ് മരിച്ചത്. കണ്ണൂർ ജില്ലയിലെ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിലെ നാരായണീയത്തിൽ താമസക്കാരനാണ് അദ്ദേഹം. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം.
ഞായറാഴ്ച രാത്രി വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട് വിരുന്നൊരുക്കിയിരുന്നു. അർധരാത്രിയോടെ വിരുന്ന് അവസാനിച്ച ശേഷം അതിഥികൾ മടങ്ങിപ്പോയി. തുടർന്ന് ഷബിനിന് ഒരു ഫോൺ കോൾ വന്നതായും അത് നവവധുവിൽ നിന്നായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഫോൺ സംഭാഷണത്തിനിടെ അദ്ദേഹം മുറിയിലേക്ക് പോയി വാതിൽ അടച്ചിരുന്നു.
രാവിലെ 4.45ഓടെ മക്രേരി അമ്പലത്തിൽ ഫോട്ടോഷൂട്ടിന് പോകാൻ വീട്ടുകാർ വിളിക്കാനെത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ ഷബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭരതൻ–ഷീബ ദമ്പതികളുടെ മകനാണ് ഷബിൻ. സഹോദരി അഭിഷ (നഴ്‌സ്, ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ).






