കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും കനൽവഴികൾ ഒന്നിനുപുറകെ ഒന്നായി താണ്ടി, കരിയറിലെയും രാഷ്ട്രീയത്തിലെയും പരാജയങ്ങളുടെ കൈപ്പുനീർ പൂർണ്ണമായി കുടിച്ചുവറ്റിച്ച്, ഒടുവിൽ ജനപിന്തുണയുടെയും വിജയത്തിന്റെയും അത്യുന്നത കൊടുമുടിയിൽ എത്തിനിൽക്കുകയാണ് അഡ്വ. ബിന്ദുകൃഷ്ണ. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനൊപ്പം, ജീവിക്കാൻ വേണ്ടി അച്ഛൻ നടത്തിയിരുന്ന ചെറിയ ചായക്കടയിൽ പാത്രം കഴുകിയും മേശ തുടച്ചും വീട്ടുപണികളെല്ലാം ഒറ്റയ്ക്ക് തീർത്തും പഠിക്കാൻ പോയിരുന്ന ആ സാധാരണ പെൺകുട്ടിയാണ് ഇന്ന് കേരളത്തിന്റെ പുതിയ മന്ത്രിസഭയിൽ അഭിമാനത്തോടെ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസിന്റെ സമരമുഖങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത വനിതാ സാന്നിധ്യമായി മാറി, പോലീസിന്റെ ലാത്തിച്ചാർജ്ജുകൾക്കും ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കും മുന്നിൽ നെഞ്ചുവിരിച്ചുനിന്ന് തെല്ലും പതറാതെ പോരാടിയ ഈ വനിതാ നേതാവിന്റെ രാഷ്ട്രീയ വളർച്ച ഏതൊരു സാധാരണക്കാരനെയും അതിശയിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ്. ഒരു സാധാരണ ചായക്കടക്കാരന്റെ മകളിൽ നിന്ന് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിലെ മന്ത്രിപദവിയിലേക്കുള്ള ബിന്ദുകൃഷ്ണയുടെ ഈ അവിശ്വസനീയമായ മാറ്റം ജനാധിപത്യ പ്രസ്ഥാനത്തിലെ സാധാരണക്കാരായ അണികൾക്ക് നൽകുന്ന ആവേശം ചെറുതല്ല.
ആദ്യകാലത്ത് ബിന്ദുകൃഷ്ണയുടെ അച്ഛൻ പി. സുകുമാരന് ചെറിയ രീതിയിൽ ഒരു ചിട്ടി ബിസിനസ് ഉണ്ടായിരുന്നു. അമ്മ ബി. വസുമതിയാകട്ടെ കൊല്ലത്തെ ഒരു കശുഅണ്ടി തൊഴിലാളിയായിരുന്നു. അതുകൊണ്ടുതന്നെ ബിന്ദുവിന്റെ രണ്ടാം ക്ലാസ് വരെയുള്ള കുട്ടിക്കാല ജീവിതം അത്ര വലിയ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നില്ല. എന്നാൽ ഒരു പ്രധാന ശസ്ത്രക്രിയയെത്തുടർന്ന് അമ്മയുടെ ആരോഗ്യം പൂർണ്ണമായി വഷളായതോടെ ആ കുടുംബത്തിന്റെ താളം പാടെ തെറ്റി, സാമ്പത്തികമായി അവർ തകർന്നുപോയി. അച്ഛൻ പി. സുകുമാരൻ രോഗിണിയായ അമ്മയെയും കൊണ്ട് സംസ്ഥാനത്തെ വിവിധ ആശുപത്രികൾ തോറും നെട്ടോട്ടമോടിയപ്പോൾ, ആ കൊച്ചു പ്രായത്തിൽ തന്നെ വീട്ടിലെ എല്ലാവിധ ഉത്തരവാദിത്തങ്ങളും ആ കൊച്ചു ബിന്ദുവിന്റെ ചുമലിലായി മാറുകയായിരുന്നു. തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കുടുംബത്തെ കരകയറ്റാൻ വേണ്ടി അച്ഛൻ ഒരു ചെറിയ ചായക്കട തുടങ്ങിയപ്പോൾ, പഠനത്തോടൊപ്പം തന്നെ കടയിലെ പാത്രം കഴുകാനും ചായ വിളമ്പാനും ബിന്ദുവും ഒപ്പം കൂടുകയായിരുന്നു. പിന്നീട് കോളേജ് കാലഘട്ടത്തിലേക്ക് കടന്നപ്പോൾ കെ.എസ്.യുവിന്റെ സജീവ നേതാവായി ക്യാമ്പസുകളിൽ വളരുമ്പോഴും, അച്ഛന്റെ കടയിലെ കഠിനമായ ജോലിക്ക് ഒരു ദിവസം പോലും അവധിയെടുത്തിരുന്നില്ല എന്നത് ആ വ്യക്തിത്വത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു.
1972 മെയ് ഇരുപത്തിനാലിന് കൊല്ലം ജില്ലയിലെ ചാത്തന്നൂരിലായിരുന്നു ബിന്ദുകൃഷ്ണയുടെ ജനനം. നിയമത്തിൽ എൽഎൽഎം ബിരുദം നേടിയ ബിന്ദു, രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം തന്നെ നീണ്ട പതിനഞ്ച് വർഷക്കാലം കൊല്ലം ബാറിൽ പ്രമുഖ അഭിഭാഷകയായി തിളങ്ങിനിന്നിരുന്നു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയും അറിയപ്പെടുന്ന അഭിഭാഷകനുമായ എസ്. കൃഷ്ണകുമാറാണ് ബിന്ദുവിന്റെ ഭർത്താവ്. ഇവരുടെ ഏക മകൻ ശ്രീകൃഷ്ണയും ഇപ്പോൾ അമ്മയുടെ രാഷ്ട്രീയ വഴിയിലൂടെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ട്. കോൺഗ്രസിന്റെ വനിതാ നേതാക്കളിൽ സമരങ്ങളുടെ അഗ്നിസ്ഫുലിംഗമായി മാറിയ അഡ്വ. ബിന്ദുകൃഷ്ണയുടെ സംഘടനാ യാത്ര ആരംഭിക്കുന്നത് 1987 ൽ കൊല്ലം എസ്.എൻ വനിതാ കോളേജിൽ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായാണ് രാഷ്ട്രീയ യാത്ര തുടങ്ങുന്നത്.
ബിന്ദുകൃഷ്ണയുടെ രാഷ്ട്രീയ ജീവിതം വിജയങ്ങൾ മാത്രം നിറഞ്ഞ ഒന്നായിരുന്നില്ല, മറിച്ച് കടുത്ത പരാജയങ്ങളുടെ ഒരു പരമ്പര തന്നെ അതിലുണ്ടായിരുന്നു. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയ ചരിത്രപ്രധാനമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെടാനായിരുന്നു ബിന്ദുവിന്റെ വിധി. അന്ന് ആ തിരഞ്ഞെടുപ്പിൽ മറുഭാഗത്ത് മാനന്തവാടിയിൽ നിന്ന് ജയിച്ചുകയറിയ പി.കെ. ജയലക്ഷ്മിയായിരുന്നു ആ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യമായി മാറിയത്. അന്ന് ചാത്തന്നൂരിൽ ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ബിന്ദുകൃഷ്ണ അന്നുതന്നെ മന്ത്രിസഭയിൽ എത്തുമായിരുന്നു. അതിനുശേഷം രണ്ടായിരത്തി പതിനാലിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും അത്തവണയും സിപിഎമ്മിലെ കരുത്തനായ നേതാവ് എ. സമ്പത്തിനോട് പരാജയപ്പെടേണ്ടി വന്നു.
കൊല്ലത്ത് ആദ്യമായി ചുമതലയേൽക്കുമ്പോൾ ഇരിക്കാൻ ഒരു കസേര പോലും ഇല്ലാതിരുന്ന ദയനീയ അവസ്ഥയിലായിരുന്ന ഡിസിസി ഓഫീസിനെയാണ് ബിന്ദുകൃഷ്ണ തന്റെ കഠിനാധ്വാനത്തിലൂടെ പുനരുദ്ധരിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായി ഒരു വലിയ ആസ്ഥാന മന്ദിരം നിർമ്മിച്ച് നൽകി ജില്ലയിലെ പാർട്ടി സംവിധാനങ്ങൾക്ക് അവർ പുതുജീവൻ പകർന്നു. എന്നാൽ പിന്നീട് നടന്ന 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിന്ദുകൃഷ്ണയ്ക്ക് കൊല്ലം സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അകത്ത് വലിയ രീതിയിലുള്ള കലഹങ്ങളും അത്യന്തം നാടകീയമായ രംഗങ്ങളും അരങ്ങേറിയിരുന്നു. ജില്ലയിലെ പാർട്ടിയിൽ വലിയൊരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് മനസ്സിലാക്കിയ ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ഒടുവിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ കൊല്ലത്ത് ബിന്ദുകൃഷ്ണയെ തന്നെ മത്സരിപ്പിച്ചു. പക്ഷേ, കടുത്ത മത്സരത്തിനൊടുവിൽ അത്തവണയും പരാജയമായിരുന്നു ഫലം. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയും ജനപ്രിയ നടനുമായ എം. മുകേഷ് രണ്ടായിരത്തി എഴുപത്തിരണ്ട് വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിലാണ് അന്ന് ബിന്ദുവിനെ പരാജയപ്പെടുത്തിയത്.
തുടർച്ചയായ മൂന്നാം പരാജയത്തിലും ബിന്ദുകൃഷ്ണ എന്ന രാഷ്ട്രീയ പ്രവർത്തക ഒട്ടും തളർന്നില്ല. തോൽവിക്ക് ശേഷം അവർ മണ്ഡലം വിട്ടുപോയില്ല, പകരം കൊല്ലം മണ്ഡലത്തിലെ ഓരോ ഗ്രാമങ്ങളിലും വീടുകളിലും ഓടിനടന്ന് ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചു. സിറ്റിങ് എംഎൽഎയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രാദേശിക സമരങ്ങൾക്ക് അവർ നേരിട്ട് ചുക്കാൻ പിടിച്ചു. അങ്ങനെയിരിക്കെയാണ് രണ്ടായിരത്തി ഇരുപത്തിയാറിലെ ചരിത്രപ്രധാനമായ നിയമസഭാ തിരഞ്ഞെടുപ്പ് വന്നെത്തുന്നത്. ഇത്തവണ മണ്ഡലം എങ്ങനെയെങ്കിലും നിലനിർത്താൻ വേണ്ടി സിപിഎം തങ്ങളുടെ കരുത്തനായ ജില്ലാ ആക്ടിംഗ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ്. ജയമോഹനെയാണ് വലിയ പ്രതീക്ഷകളോടെ കളത്തിലിറക്കിയത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കൊല്ലത്തെ ഓരോ സാധാരണക്കാരന്റെയും വീട്ടിലെ ഒരംഗമായി മാറാൻ കഴിഞ്ഞതിന്റെ അടിയുറച്ച ആത്മവിശ്വാസത്തിൽ ബിന്ദുകൃഷ്ണ യുഡിഎഫ് ബാനറിൽ വീണ്ടും ജനവിധി തേടുകയായിരുന്നു. സംസ്ഥാനത്തുണ്ടായ ശക്തമായ യുഡിഎഫ് തരംഗത്തിനൊപ്പം, മണ്ഡലത്തിൽ ബിന്ദുകൃഷ്ണ കെട്ടിപ്പടുത്ത വ്യക്തിബന്ധങ്ങളുടെയും കാരുണ്യപ്രവർത്തനങ്ങളുടെയും കരുത്തു കൂടിയായപ്പോൾ ഫലം കോൺഗ്രസിന് അനുകൂലമായി മാറി. പതിനാറായിരത്തി എണ്ണൂറ്റി മുപ്പത് വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് ബിന്ദുകൃഷ്ണ ഇത്തവണ കൊല്ലത്ത് നിന്ന് മിന്നുന്ന ജയം സ്വന്തമാക്കിയത്. ഇരിക്കാൻ കസേര പോലുമില്ലാതിരുന്ന ഒരു തകർന്ന പാർട്ടി ഓഫീസിൽ നിന്ന് തുടങ്ങി കോൺഗ്രസിന് പ്രൗഢഗംഭീരമായ ഒരു ആസ്ഥാന മന്ദിരം പണിതുയർത്തിയ ബിന്ദുവിന്റെ അസാധാരണമായ സംഘടനാ പാടവത്തിന് ജനങ്ങൾ ബാലറ്റിലൂടെ നൽകിയ വലിയ അംഗീകാരമായിരുന്നു ഈ വൻ വിജയം. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് ജനകീയ പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി ഒടുവിൽ മന്ത്രിപദവിയിലേക്ക് നടന്നു കയറുമ്പോൾ, അത് കൊല്ലത്തെയും ഒപ്പം കേരളത്തിലെയും ജനാധിപത്യ വിശ്വാസികൾക്ക് ഇരട്ടി മധുരമുള്ള ഒരു ചരിത്രനിമിഷമായി മാറുകയാണ്.






