മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ ശിവസേന നേതാവിന്റെ അനുയായികളായ മൂന്ന് പേർ അറസ്റ്റിൽ. കല്യാൺ-ഡോംബിവാലി മുനിസിപ്പൽ കോർപറേഷൻ (കെഡിഎംസി) ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അക്ഷയ് കരാൻഡെ, രമേഷ് പവാർ, ഷൈലേഷ് നികം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ശിവസേന കോർപറേറ്റർ രമേഷ് സുക്ര്യ മഹാത്രേയുടെ അനുയായികളാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിയോനേറ്റൽ ഇൻറൻസീവ് കെയർ യൂണിറ്റിൽ (NICU) കിടക്ക ഒഴിവില്ലാത്തതിനാൽ നവജാത ശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ ബന്ധുക്കളോട് നിർദേശിച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഡോക്ടർമാരായ സൃഷ്ടി ബവിസികറും വൈഭവ് സലുൻഖെയും ഇക്കാര്യം അറിയിച്ചതിന് പിന്നാലെ കുഞ്ഞിന്റെ ബന്ധുക്കൾ കോർപറേറ്റർ രമേഷ് മഹാത്രെയെ സമീപിച്ചു. തുടർന്ന് അദ്ദേഹം അനുയായികളുമായി ആശുപത്രിയിലെത്തിയെന്നും ഡോക്ടർമാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഡോക്ടർ വൈഭവ് സലുൻഖെയ്ക്ക് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് കെഡിഎംസി മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ദീപാ ശുക്ലയുടെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ ആശുപത്രി ജീവനക്കാർ പ്രതിഷേധവും രേഖപ്പെടുത്തി.
അതേസമയം, വനിതാ ഡോക്ടറെയോ നഴ്‌സുമാരെയോ ആക്രമിച്ചിട്ടില്ലെന്ന ആരോപണം കോർപറേറ്റർ രമേഷ് മഹാത്രേ നിഷേധിച്ചു. പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും വനിതാ ഡോക്ടറുടെ കൈയിൽ മെല്ലെ തട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. വനിതാ ഡോക്ടറെ മകളെപ്പോലെയാണ് കാണുന്നതെന്നും സ്ത്രീകൾക്കെതിരെ കൈയുയർത്തുന്ന സംസ്കാരം തങ്ങൾക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.




