അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്മഹിസാഗര് നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഒന്‍പതായി. നിരവധി പേര് വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു രാവിലെയാണ് പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെകുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഏതാനും പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാന്‍ എന്നിവ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് പാലം തകര്‍ന്നുവീണത്. അഗ്നിശമന സേനാംഗങ്ങളും പൊലീസും വഡോദര ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പിന്നാലെ സംഭവസ്ഥലത്തെത്തി നാട്ടുകാരുംചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. കാണാതായവരെ കണ്ടെത്താന്‍ മുങ്ങല്‍വിദഗ്ധര്‍ നദിയില്‍ തെരച്ചില്‍ തുടരുകയാണ്. മുങ്ങിയ വാഹനങ്ങള്‍ പുറത്തെടുക്കാന്‍ ക്രെയിനുകള്‍ എത്തിച്ചിട്ടുണ്ട്.
മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ആനന്ദ്, വഡോദര, ഭറൂച്ച്, അങ്കലേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് ഏറെ പ്രധാന്യമുള്ളതാണ് ഇപ്പോള്‍ തകര്‍ന്നവീണ ഈ പാലം. ഇതിന്റെ ശോചനീയ അവസ്ഥയെക്കുറിച്ച് പലതവണ അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.






