ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് മേഖലയിലെ വിമാന സർവീസുകളെ ബാധിച്ചതോടെ കേരളം ഉൾപ്പെടെ ഇന്ത്യയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുന്നു. ഇതോടെ ഗൾഫിലുള്ള മലയാളി പ്രവാസികൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് വിസിറ്റിങ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവന്നവരാണ് സാമ്പത്തികമായി കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇയിൽ ആദ്യദിവസം 250 ദിർഹവും, തുടർന്ന് ഓരോ ദിവസത്തിനും 50 ദിർഹവുമാണ് പിഴയായി ഈടാക്കുന്നത്. ഇതിന് പുറമെ 69 ദിർഹം എക്സിറ്റ് ഫീയും അടയ്ക്കണം.
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇന്ത്യൻ വിമാനക്കമ്പനികൾ ഏകദേശം 10,000 വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. ഇതിൽ പകുതിയിലധികവും ഗൾഫ് മേഖലയിൽ നിന്നുള്ള സർവീസുകളാണ്. മുമ്പ് ദിനംപ്രതി 300 മുതൽ 350 വരെ സർവീസുകൾ ഉണ്ടായിരുന്നപ്പോൾ ഇപ്പോൾ അത് 80 മുതൽ 90 വരെയായി കുറഞ്ഞിരിക്കുകയാണ്.
ഇതിനിടെ, ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽനിന്നുള്ള തീർഥാടകർ ഈ മാസം 18 മുതൽ സൗദിയിലെത്തിത്തുടങ്ങും. ആദ്യ വിമാനം മുംബൈയിൽ നിന്ന് മദീനയിലെത്തും. ഓരോ വിമാനത്തിലും ഏകദേശം 400 പേർ വീതം എത്തുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയിൽ നിന്ന് ആകെ 1,22,580 പേർ ഹജ്ജ് കമ്മിറ്റിയിലൂടെയും, 52,000 പേർ സ്വകാര്യ ഗ്രൂപ്പുകളിലൂടെയും ഇത്തവണ ഹജ്ജിന് പങ്കെടുക്കും. ഇതിൽ 5,300 സ്ത്രീകൾ ‘മഹറം’ ഇല്ലാതെ പങ്കെടുക്കുന്നവരാണ്. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 30-ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടും.
ഹജ്ജ് തീർഥാടകരുടെ താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ താമസസ്ഥലങ്ങളിൽ പാചകവാതകം അനുവദിക്കില്ല. പകരം അംഗീകൃത കമ്പനികൾ വഴി ഭക്ഷണം വിതരണം ചെയ്യും. കൂടാതെ, മദീന സന്ദർശനത്തിനായി ചില തീർഥാടകർക്ക് ഹറമൈൻ ഹൈസ്പീഡ് ട്രെയിനിൽ യാത്രാസൗകര്യവും ലഭ്യമാക്കും. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായ ശേഷം ജൂൺ 2 മുതൽ ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കും.




