മാഡ്രിഡ്: ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ‘ക്രൂസ് ഹോണ്ടിയസ്’ എന്ന ക്രൂസ് കപ്പൽ സ്പെയിനിലെ ടെനറൈഫിലെ ഗ്രനാഡില്ല തുറമുഖത്തിന് സമീപം നങ്കൂരമിട്ടു. കപ്പലിലെ എട്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ മൂന്ന് പേർ മരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. മരിച്ചവരിൽ ഒരു ഡച്ച് ദമ്പതികളും ഒരു ജർമൻ പൗരനും ഉൾപ്പെടുന്നു.
സംഭവത്തെ തുടർന്ന് കപ്പലിലെ ബാക്കി യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടികൾ ഞായറാഴ്ച പുലർച്ചെ ആരംഭിച്ചു. നിലവിൽ ആരും രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ലെങ്കിലും എല്ലാവരെയും വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് സ്പാനിഷ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്രക്കാരെ ചെറിയ ബോട്ടുകൾ വഴി കരയിലെത്തിക്കും. ആദ്യം സ്പാനിഷ് പൗരന്മാരെയാണ് ഒഴിപ്പിക്കുക. തുടർന്ന് മറ്റ് രാജ്യക്കാരെ ഘട്ടംഘട്ടമായി മാറ്റും. കപ്പൽ പൂർണ്ണമായി അണുവിമുക്തമാക്കുന്നതിനായി 30 ജീവനക്കാർ കപ്പലിൽ തുടരുന്നതായും, ശേഷം കപ്പൽ നെതർലൻഡ്സിലേക്ക് തിരിക്കുമെന്നുമാണ് വിവരം.
രക്ഷാദൗത്യം ഏകോപിപ്പിക്കാൻ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്പെയിൻ ആഭ്യന്തര, ആരോഗ്യ മന്ത്രിമാരും അദ്ദേഹത്തോടൊപ്പം പങ്കെടുക്കുന്നു.
എലികളിലൂടെ പകരുന്ന ഹന്റാ വൈറസ് സാധാരണയായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാറില്ലെന്നും, ആഗോളതലത്തിൽ വലിയ ഭീഷണിയല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്.






