പാരിസ്: ഹന്റാവൈറസ് ബാധയെ തുടർന്ന് ലോകവ്യാപക ശ്രദ്ധ നേടിയ വിനോദസഞ്ചാര കപ്പലായ എംവി ഹോണ്ടിയസിൽ നിന്ന് ഒഴിപ്പിച്ച യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ട്. ടെനറിഫിൽ നിന്ന് പാരിസിലേക്ക് കൊണ്ടുവന്ന അഞ്ച് ഫ്രഞ്ച് പൗരന്മാരിൽ ഒരാളിലാണ് വിമാനയാത്രയ്ക്കിടെ അസ്വസ്ഥതകൾ കണ്ടത്.
ഇയാളെ ഉടൻ തന്നെ മറ്റ് യാത്രക്കാരോടൊപ്പം പാരിസിലെ ബിഷാ ആശുപത്രിയിൽ കർശന ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.
പാരിസിലെ ബൂർഗെ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ പിപിഇ കിറ്റുകൾ ധരിച്ച ആരോഗ്യപ്രവർത്തകർ ഇവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം 45 ദിവസത്തെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിക്കുമെന്നാണ് ഫ്രഞ്ച് അധികൃതരുടെ തീരുമാനം.
കാനറി ദ്വീപുകൾക്ക് സമീപം നങ്കൂരമിട്ടിരുന്ന കപ്പലിൽ നിന്ന് ഏകദേശം 150 യാത്രക്കാരെയും ജീവനക്കാരെയും വിവിധ രാജ്യങ്ങളിലേക്കായി അതീവ സുരക്ഷാ നടപടികളോടെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യാത്രക്കാരെ ചെറു ബോട്ടുകളിലൂടെ കരയിലെത്തിച്ച് പ്രത്യേക വിമാനങ്ങളിൽ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു.
സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക, നെതർലാൻഡ്സ് എന്നിവിടങ്ങളിലേക്കാണ് പ്രധാന ഒഴിപ്പിക്കൽ നടന്നത്. നെതർലാൻഡ്സ് സ്വദേശികളായ ചില യാത്രക്കാർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചതും അതിൽ മൂന്ന് പേർ മരണപ്പെട്ടതും ആശങ്ക വർധിപ്പിച്ചു.
എലികളിലൂടെ പടരുന്ന ഹന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത് അപൂർവമാണെങ്കിലും, കപ്പലിലെ സാഹചര്യം പരിഗണിച്ച് കർശന ജാഗ്രതയാണ് സ്വീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തോടെയാണ് വിവിധ രാജ്യങ്ങൾ ഒഴിപ്പിക്കൽയും നിരീക്ഷണ നടപടികളും ഏകോപിപ്പിക്കുന്നത്.






