ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിനൊപ്പമുള്ള മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ഡൽഹിയിലെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.
ഡൽഹിയിലെ നിരവധി റോഡുകളിലും ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നിർദേശിച്ചു.
വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെള്ളം കയറിയത് കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം ജലനിരപ്പ് ഉയരുകയാണ്.
ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനുമൊപ്പം കനത്ത മഴയാണ് ലഭിക്കുന്നത്.
ഉത്തർപ്രദേശിലും ബിഹാറിലും ഗംഗ, യമുന ഉൾപ്പെടെയുള്ള നദികൾ അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുകയാണ്. ബിഹാറിന്റെ തലസ്ഥാനമായ പട്ന ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രളയസമാന സാഹചര്യമാണുള്ളത്.
ഉത്തർപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ ഏഴുവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴക്കെടുതി രൂക്ഷമായ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിമാർ വിലയിരുത്തിവരികയാണ്.




