കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് ഇടപെട്ടെന്നാണ് കുടുംബത്തിന്റെ പരാതി. ഇൻസ്റ്റഗ്രാമിൽ കമന്റ് ഇട്ടതിന്റെ പേരിലാണ് കാസർകോട് കൊക്കാകടവ് സ്വദേശി ഷിനാസിനെ സംഘം ചേർന്ന് മർദിച്ചതെന്നാണ് ആരോപണം.
ഉറങ്ങിക്കിടന്നിരുന്ന ഷിനാസിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയുടെ പരാതിയിൽ ഷിനാസിനെതിരെയും കേസെടുത്തു. മർദനവുമായി ബന്ധപ്പെട്ട പരാതി പിൻവലിപ്പിക്കുന്നതിനായി പൊലീസ് കള്ളക്കേസ് എടുത്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഷിനാസിന് രാത്രി സമയത്താണ് മർദനമേറ്റതെന്നും എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സംഭവം നടന്നത് ഉച്ചസമയമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ചന്തേര പൊലീസിനെതിരെ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ആരോപണങ്ങളിൽ പൊലീസ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.




