കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ആറ് പേരുടെ ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ദുരന്തത്തിന് കാരണം. കുർസിയോങ്ങിനടുത്തുള്ള ഹുസൈൻ ഖോളിലാണ് ഏറ്റവും വലിയ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. മിറിക്, കുർസിയോങ്ങ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദുഡിയയിലെ ഇരുമ്പുപാലം മണ്ണിടിച്ചിലിൽ തകർന്നു യാത്രാ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ഗ്രാമങ്ങൾ മുതൽ ദേശീയപാത 110 വരെ നിരവധി റോഡുകൾ മണ്ണിനടിയിലായി.
ഡാർജിലിംഗ്, കലിംപോംഗ്, കൂച്ച് ബെഹാർ, ജൽപായ്‌ഗുരി, അലിപുർദുവാർ തുടങ്ങിയ മലമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലിപുർദുവാറിൽ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൽപായ്‌ഗുരി ജില്ലയിലെ മാൽബസാറിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തുടർച്ചയായി മഴ പെയ്യുന്നതിനാൽ വെള്ളപ്പൊക്ക സാധ്യതയും മണ്ണിടിച്ചിലുകൾ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ദുരന്തനിവാരണ സംഘം, പൊലിസ്, അഗ്നിശമന സേന തുടങ്ങി അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്.




