ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ ഇരുപതിലധികം സൈനികരെ ഗ്രാമവാസികൾ രക്ഷിച്ചു. ആറടിയിലധികം ഉയരത്തിൽ വീണുകിടന്ന മഞ്ഞിലൂടെ 15 കിലോമീറ്റർ നടന്നു ചെന്നാണ് ഗ്രാമവാസികൾ രാജ്യം സൈനികരെ രക്ഷിച്ചത്.
ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അതിർത്തി പ്രദേശമായ ദോഡ, കിഷ്ത്വാർ ജില്ലകൾക്കു സമീപമുള്ള ഉയർന്ന പർവതമേഖലയിൽ തിരച്ചിൽ നടത്താനിറങ്ങിയ സൈനികരാണ് മഞ്ഞിൽ കുടുങ്ങിയത്. ജനുവരി 18ന് സൈന്യവുമായി ഏറ്റുമുട്ടൽ നടത്തി രക്ഷപ്പെട്ട ഭീകരർ ദോഡയിലേക്ക് കടക്കരുതെന്ന ലക്ഷ്യത്തോടെയായിരുന്നു സൈനിക നീക്കം.
എന്നാൽ ജനുവരി 24ന് മഞ്ഞുവീഴ്ചയിൽ കുടങ്ങിയതായി സൈനികരുടെ സന്ദേശം ഗുഡ്നയിലെ സൈനിക പോസ്റ്റിൽ ലഭിച്ചു. തുടർന്ന് സൈന്യം സമീപ ഗ്രാമത്തിലേക്കു വിവരം കൈമാറുകയും രക്ഷാപ്രവർത്തനത്തിനു തിരിക്കുകയും ചെയ്തു. ജനുവരി 25ന് രാവിലെ 8.30 ഓടെയായിരുന്നു ഗ്രാമവാസികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ഇതിനുവേണ്ട സഹായങ്ങളും സൈന്യം നൽകി.
ഏകദേശം അഞ്ചു മണിക്കൂർ നേരം നടന്നാണ് സൈനികർ കുടുങ്ങിക്കിടന്ന സ്ഥലത്ത് ഗ്രാമീണർ എത്തിയത്. വൈകിട്ടോടെ സൈനികർക്കൊപ്പം എല്ലാവരും സുരക്ഷിതമായി തിരിച്ചെത്തി. ഗ്രാമീണരുടെ സേവനം പ്രതിരോധ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേദിവസം ദോഡ ജില്ലയിലെ ഭാദേർവാ- ചംബ അന്തർസംസ്ഥാന പാതയിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും രക്ഷാപ്രവർത്തനം നടത്തി 40 സൈനികർ ഉൾപ്പെടെ 60 പേരെ രക്ഷപ്പെടുത്തിയിരുന്നു.






