തിരുവനന്തപുരം: സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഗൂഢാലോചന നടന്നതായി മുൻ വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കീം ആരോപിച്ചു.
റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് പൂർണരൂപത്തിൽ നൽകാതിരിക്കാൻ അസാധാരണമായി മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയും നടപടി വൈകിപ്പിക്കുകയും ചെയ്തെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം എഴുതിയ ‘മലയാള സിനിമ: ഹേമാ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകത്തിലാണ് വ്യക്തമാക്കുന്നത്. പുസ്തകം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.
2024 ജൂലായ് അഞ്ചിനാണ് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് അന്നത്തെ വിവരാവകാശ കമ്മിഷണറായിരുന്ന ഡോ. അബ്ദുൾ ഹക്കീം ഉത്തരവിട്ടത്. എന്നാൽ, ഉത്തരവ് അനുസരിച്ച് സർക്കാർ റിപ്പോർട്ടിന്റെ പൂർണ പകർപ്പ് നൽകിയില്ലെന്ന് അപേക്ഷകർ പരാതിപ്പെട്ടു.
റിപ്പോർട്ടിലെ 233 പേജുകൾക്ക് ഫീസ് ഈടാക്കിയെങ്കിലും 228 പേജുകൾ മാത്രമാണ് നൽകിയതെന്നും 49 മുതൽ 53 വരെയുള്ള പേജുകളിലെ 15 ഖണ്ഡികകൾ ഒഴിവാക്കിയെന്നും അപേക്ഷകർ പരാതിയിൽ പറഞ്ഞു. ഇതിൽ ഒരു പരാതി നേരിട്ട് മുഖ്യ വിവരാവകാശ കമ്മിഷണർക്ക് ലഭിച്ചെങ്കിലും അത് ഹക്കീമിന് കൈമാറിയില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തനിക്ക് ലഭിച്ച മറ്റൊരു പരാതി പരിഗണിച്ചപ്പോൾ സാംസ്കാരിക വകുപ്പ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ നൽകിയെന്നും ഹക്കീം പറയുന്നു.
വിധി പറയാനിരിക്കെ വിദേശത്തായിരുന്ന മുഖ്യ വിവരാവകാശ കമ്മിഷണർ മറ്റൊരു അപേക്ഷ തന്റെ കൈവശമുണ്ടെന്നും ഒരാഴ്ചത്തേക്ക് കേസ് മാറ്റിവെക്കണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു. കേസ് മാറ്റിവെച്ചെങ്കിലും പിന്നീട് ആ കേസ് പരിഗണിക്കാൻ തന്നെ അനുവദിച്ചില്ലെന്നാണ് ഹക്കീമിന്റെ ആരോപണം.
പകരം, കമ്മിഷന്റെ ചരിത്രത്തിൽ ആദ്യമായി മൂന്നംഗ ഡിവിഷൻ ബെഞ്ച് രൂപീകരിച്ചെന്നും അദ്ദേഹം പറയുന്നു. അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷ തീരുമാനമായി ഉത്തരവ് നൽകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ഹക്കീം ആരോപിച്ചു.
കമ്മിഷന്റെ പൂർണയോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ, അടുത്ത വർഷം മേയ് വരെ ഇതിൽ നടപടിയെടുക്കില്ലെന്നും അതിന് ശേഷം ആലോചിക്കാമെന്നുമാണ് മുഖ്യ വിവരാവകാശ കമ്മിഷണർ പറഞ്ഞതെന്നും പുസ്തകത്തിൽ പറയുന്നു. പിന്നീട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി വിവരാവകാശ അപേക്ഷകളിൽ മറുപടി നൽകുന്നത് തടഞ്ഞതായും ഹക്കീം വ്യക്തമാക്കുന്നു.




