കൊച്ചി: പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് ദാനം ചെയ്ത മൃതദേഹം മക്കളുടെ ആവശ്യപ്രകാരം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ പരേതയുടെ ഏഴുമക്കളിൽ മൂന്നുപേർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
മരണശേഷം സ്വന്തം ശരീരം പഠനാവശ്യങ്ങൾക്ക് വിട്ടുനൽകണമെന്ന വ്യക്തിയുടെ തീരുമാനത്തെ പിന്നീട് കുടുംബാംഗങ്ങളുടെ അവകാശവാദങ്ങൾ മറികടക്കാനാവില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.
ഫെബ്രുവരി 23-നാണ് മേരി മരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റു സഹോദരങ്ങൾ ചേർന്ന് അമ്മയുടെ മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിന് കൈമാറിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. ഡി.ജി.പി.ക്കും ഞാറയ്ക്കൽ പോലീസിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, മരണാനന്തര പഠന ആവശ്യങ്ങൾക്ക് ശരീരം കൈമാറാൻ മേരി നേരത്തേ സമ്മതപത്രം നൽകിയിരുന്നുവെന്ന് മറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. രേഖകൾ പരിശോധിച്ച കോടതി, സമ്മതപത്രം പിൻവലിച്ചിരുന്നുവെന്ന ഹർജിക്കാരുടെ വാദത്തിന് തെളിവില്ലെന്ന് കണ്ടെത്തി.
1957ലെ കേരള അനാട്ടമി ആക്ട് പ്രകാരം ഒരാൾ തന്റെ ശരീരം പഠനത്തിനായി മെഡിക്കൽ സ്ഥാപനങ്ങൾക്ക് ദാനം ചെയ്യാൻ നിയമപരമായി സാധ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.






