കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു. പെൺകുട്ടി പള്ളുരുത്തിയിലെ ഡോൺ പബ്ലിക് സ്കൂളിലാണ് എട്ടാം ക്ലാസിൽ പ്രവേശനം നേടിയത്. “തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ആരും പേടിക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്തേക്കാണ് മകൾ എത്തിയത്,” എന്നാണ് പിതാവ് ഫേസ്ബുക്കിൽ കുറിച്ചത്.
ഹിജാബ് ധാരണയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളാണ് വിദ്യാർത്ഥിനിയെ മുൻ സ്കൂളിൽ നിന്ന് മാറ്റാൻ കാരണമായത്. വിഷയവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി അടുത്തിടെ തീർപ്പാക്കിയിരുന്നു. വിദ്യാർത്ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ തുടർന്നും പഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് കോടതിയെ അറിയിച്ചു. ഇതോടെയാണ് സംസ്ഥാന സർക്കാർ കൂടി ഹർജി അവസാനിപ്പിക്കാൻ അനുമതി നൽകുകയും, കോടതി കേസ് തീർപ്പാക്കുകയും ചെയ്തത്.


