തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ പ്രമാടത്ത് താഴുന്നപോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഹെലികോപ്റ്റർ യാത്രയുടെ എല്ലാ ക്രമീകരണങ്ങളും വ്യോമസേനയുടെ മേൽനോട്ടത്തിലാണ് നടന്നതെന്നും, ലാൻഡിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ വ്യോമസേനയിലെ വിദഗ്‌ധരാണ് കൈകാര്യം ചെയ്തതെന്നും വ്യക്തമാക്കി.
സംഭവത്തെ സുരക്ഷാ വീഴ്ചയായി രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ വിലയിരുത്തിയിട്ടില്ലന്നും, വിശദീകരണം ആവശ്യപ്പെട്ടിട്ടുമില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും അറിയിച്ചു. അതിനാൽ കൂടുതൽ അന്വേഷണം അല്ലെങ്കിൽ നടപടികൾ നടക്കാൻ സാധ്യതയില്ലന്നാണ് സൂചന.
അതേസമയം, ഹെലിപാഡിന്റെ തറയിൽ അര ഇഞ്ച് താഴ്ചയുണ്ടായതായി എന്ന് പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ വ്യക്തമാക്കി. പുതിയ കോൺക്രീറ്റ് ആയതിനാൽ ചെറിയ താഴ്‌ച്ച സംഭവിച്ചതാണെന്നും, സുരക്ഷാ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലന്നും കലക്ടർ വ്യക്തമാക്കി. ഹെലികോപ്റ്റർ ‘എച്ച്’ മാർക്കിനേക്കാൾ പിന്നിലാണ് ലാൻഡ് ചെയ്തത്, അപകടസാധ്യത ഉണ്ടായിരുന്നുവെങ്കിൽ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും എന്നും അദ്ദേഹം പറഞ്ഞു.


