ടെൽ അവീവ്: ഗാസയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സമാധാനം യാഥാർത്ഥ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദിമോചന നടപടിയും ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആദ്യ ബന്ദിമോചനം നടക്കും.
മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിലെത്തി. ഇരുവരും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കണ്ടു. കരാറിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയിലെ ചില മേഖലകളിൽ നിന്ന് പിന്മാറുകയും സഹായവാഹനങ്ങൾക്കായി അതിർത്തി തുറന്നുകൊടുക്കുകയും ചെയ്യും. കരാറിൽ ഒപ്പിടൽ ചടങ്ങിൽ ട്രംപും പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് സൂചന.
ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കിയതോടെ ട്രംപിന് ലോകമെമ്പാടും അഭിനന്ദന പ്രവാഹമാണ് . നിരവധി രാജ്യത്തെ നേതാക്കൾ ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ആശംസകൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ട്രംപിനെ അഭിനന്ദിച്ചു. ഗാസ കരാറിനെ ചരിത്രപരമായ നേട്ടമായി വിശേഷിപ്പിച്ച മോദി, ഇന്ത്യ-അമേരിക്ക വാണിജ്യ സംഭാഷണത്തിലെ പുരോഗതിയും ട്രംപിനൊപ്പം ചർച്ച ചെയ്തതായി എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.






