കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന് നാശനഷ്ടമുണ്ടായതായി പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം.വി. ജോയിയുടെ വീടിന്റെ മേൽക്കൂരയിലെ ഓടുകളാണ് തകർന്നത്.
വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് ഏകദേശം 120 ഓടുകൾ പറന്നു പോയതായി വീട്ടുകാർ പറയുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനായി വിമാനം ഈ പ്രദേശത്തിന് മുകളിലൂടെ അത്യന്തം താഴ്ന്ന് പറന്നതാണ് നാശനഷ്ടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുൻപും പ്രദേശത്ത് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പണ്ടാല പ്രസാദ് എന്നയാളുടെ വീടിന്റെ മേൽക്കൂരയ്ക്കും മൂന്ന് തവണ ഇത്തരത്തിൽ നാശനഷ്ടം സംഭവിച്ചതായി അവർ വ്യക്തമാക്കി. വിഷയത്തിൽ സിയാലിൽ പരാതി നൽകിയിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.






