കോട്ടയം: വിനോദ സഞ്ചാരികൾ അടങ്ങിയ നാലാഗ കുടുംബം രാത്രി ഉറങ്ങിക്കിടന്നിരുന്ന ഹൗസ് ബോട്ട് കുമരകം പെണ്ണാർ തോട്ടിൽ മുങ്ങി. ഇതിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പടെ എല്ലാവരും തന്നെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശികളായ ഗജേന്ദ്രസിങ്, ഭാര്യ അഞ്ജലി, മകൻ ആർശു, അജ്ഞലിയുടെ സഹോദരൻ രാഘവ് എന്നിവരാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഇവർ ഹൗസ് ബോട്ട് എടുത്തത്. കായൽ യാത്രയ്ക്ക് ശേഷം സന്ധ്യയോടെ കുമരകം പെണ്ണാർ തോട്ടിൽ ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നു.
സഞ്ചാരികളിൽ ഒരാൾക്ക് തല കൊണ്ട് ചില്ല് ഇടിച്ചു തകർക്കുന്നതിനിടെ പരുക്കുപറ്റി. രക്ഷപ്പെടുന്നതിനിടെ മറ്റ് മൂന്നു പേർക്കും ചെറിയ പരുക്കേറ്റു. പുലർച്ചെ ഹൗസ് ബോട്ടിൽ വെള്ളം കയറുന്നതായി മനസ്സിലായപ്പോഴാണു ഇവർ ഉറക്കം ഉണർന്നത്. ഈ സമയം ഹൗസ് ബോട്ട് തോടിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു തുടങ്ങിയിരുന്നു. തുടർന്നു രാഘവും, ഗജേന്ദ്രസിങും തല കൊണ്ടു ഇടിച്ചു മുറിയുടെ ജനൽ ചില്ല് തകർത്തു. ഇതുവഴി എല്ലാവരും പുറത്തിത്തേക്കു വന്നു ശബ്ദം കേട്ടു സമീപത്തുണ്ടായിരുന്ന ജീവനക്കാർ എത്തി ഇവിടെ കിടന്ന ശിക്കാര വള്ളം ഹൗസ് ബോട്ടിനു അടുത്തേക്ക് എത്തിച്ച് നാല് പേരെയും കരയ്ക്ക് എത്തിച്ചു.
സംഭവത്തിന് ഇടയിൽ ഫോൺ നഷ്ടപ്പെട്ടതിനാൽ ഇവർക്ക് ആരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്നു ഇവർ നടന്നു ചീപ്പുങ്കൽ ജംഗ്ഷൻ ഭാഗത്തെത്തി അവിടെ ഉണ്ടായിരുന്നയാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.






