കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കല്ലാർഭാഗം സ്വദേശിനി ഷേർലി, മാത്യു കോട്ടയം ആലുംമൂട് സ്വദേശി ജോബ് എന്നിവരാണ് മരിച്ചത്. വീട്ടമ്മയായ ഷേർലിയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജോബ് ആത്മഹത്യ ചെയ്തതാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, ജോബിനെ അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
ആറ് മാസം മുൻപാണ് ഇരുവരും കോട്ടയം കൂവപ്പള്ളിയിൽ താമസിക്കാനെത്തിയതെന്ന് പൊലീസ് അറിയിച്ചു. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും, ജോബും ഷേർലിയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






