കോട്ടയം: കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയതായി കണ്ടെത്തി. ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭര്‍ത്താവ് സാം കെ ജോര്‍ജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ മാസം 26 നാണ് ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കള്‍ 26ന് ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, പിന്നീട് ബന്ധപ്പെടാന്‍ കഴിയാതെ വന്നു. 29 ന് മക്കള്‍ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സാമിനെ പറ്റി ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ബംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. സെപ്റ്റംബര്‍ 26നാണ് സാം ജോര്‍ജ് ജെസിയെവെച്ച് ശ്വാസം മുട്ടിച്ച് കൊന്നതിനുശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയില്‍ തള്ളിയത്. ഇയാളുടെ മൊഴി അനുസരിച്ച് ഇന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കിട്ടിയത്. 2005 മുതല്‍ ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയില്‍ നടന്നുവരികയാണ്.






