സംസ്ഥാനത്ത് കോഴിമുട്ടയുടെയും കോഴിയിറച്ചിയുടെയും വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നു. മാസങ്ങൾക്ക് മുമ്പ് പത്തുരൂപയ്ക്ക് മുകളിലേക്ക് കുതിച്ച മുട്ടവിലയാണ് ഇപ്പോൾ പകുതിയോളമായി താഴ്ന്നിരിക്കുന്നത്. നിലവിൽ അഞ്ചു രൂപ നിരക്കിൽ സാധാരണക്കാർക്ക് മുട്ട ലഭ്യമാകുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ മുട്ടയൊന്നിന് ആറു രൂപ നാൽപ്പത് പൈസ വരെ എത്തിയ സ്ഥാനത്താണ് മാസങ്ങൾക്കുള്ളിൽ ഇത്ര വലിയ വിലക്കുറവ് ഉണ്ടായിരിക്കുന്നത്. കോഴിയിറച്ചി വില നൂറു മുതൽ നൂറ്റിപ്പത്ത് രൂപയിലേക്ക് താഴ്ന്നതിന് പിന്നാലെയാണ് മുട്ട വിപണിയിലും ഈ മാറ്റം പ്രകടമാകുന്നത്.
സംസ്ഥാനത്ത് നിലനിൽക്കുന്ന കനത്ത ചൂടും എൽപിജി സിലിണ്ടറുകളുടെ ക്ഷാമവുമാണ് ഈ വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വേനൽ കടുത്തതോടെ ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചൂട് വർധിച്ചതോടെ മുട്ടയുടെ ഉപഭോഗം കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ പാചക വാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളിൽ കൂടുതൽ ഇന്ധനം ആവശ്യമായി വരുന്ന വിഭവങ്ങൾ പാകം ചെയ്യുന്നത് പരിമിതപ്പെടുത്തിയതും മുട്ടയുടെയും ഇറച്ചിയുടെയും ഡിമാൻഡ് കുറയാൻ കാരണമായി.
ഉത്പാദനം വർധിച്ചതും തൈപ്പൂയം പോലുള്ള ആഘോഷങ്ങളുമാണ് മുൻപ് വിലക്കുറവിന് കാരണമായിരുന്നതെങ്കിൽ, നിലവിൽ കാലാവസ്ഥാ വ്യതിയാനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതേ സാഹചര്യം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ കോഴിയിറച്ചി, മുട്ട വില ഇനിയും താഴാൻ സാധ്യതയുണ്ടെന്നാണ് കർഷകരും വിപണി വിദഗ്ധരും വിലയിരുത്തുന്നത്. ഉപഭോക്താക്കൾക്ക് ഇത് ആശ്വാസകരമാണെങ്കിലും കനത്ത ചൂടിൽ കോഴികൾ നശിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട്.




