ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ പഠനം കർശനമായി നടപ്പാക്കാൻ സിബിഎസ്ഇ സ്കൂളുകൾക്ക് നിർദേശം നൽകി. ഈ അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ മൂന്നാം ഭാഷ പഠിപ്പിക്കണം എന്നാണ് സർക്കുലറിൽ പറയുന്നത്. ഇതിനകം പഠനം തുടങ്ങിയിട്ടില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കണമെന്നും നിർദേശമുണ്ട്.
പാഠപുസ്തകങ്ങൾ ഉടൻ എത്തിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. നിലവിൽ ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് പഠനം ആരംഭിക്കാനും സ്കൂളുകളോട് ആവശ്യപ്പെട്ടു. ഏപ്രിൽ 1 മുതൽ ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. മൂന്നാം ഭാഷയായി ഏത് ഭാഷയാണ് തെരഞ്ഞെടുത്തതെന്ന് സ്കൂളുകൾ ബന്ധപ്പെട്ട മേഖലാ ഓഫീസുകളെ അറിയിക്കണം. ഇത് സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിലും അപ്‌ഡേറ്റ് ചെയ്യണം.
2026-27 അധ്യയന വർഷം മുതൽ ത്രിഭാഷാ നയം നിർബന്ധമാക്കിയിട്ടുണ്ട്. ഈ വർഷം ആറാം ക്ലാസിൽ ആരംഭിച്ച് അടുത്ത വർഷങ്ങളിൽ മറ്റ് ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കും. പഠിക്കേണ്ട മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം എന്ന വ്യവസ്ഥയും ഉണ്ട്.




