തിരുവനന്തപുരം: ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. വ്യാജ ക്യുആർ കോഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. സാമൂഹിക പ്രവർത്തകരായ ഷമീർ കുന്നമംഗലത്തിന്റെയും ഫിറോസ് കുന്നംപറമ്പിലിന്റെയും യഥാർത്ഥ സഹായ അഭ്യർഥന വീഡിയോകൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ പണം സമാഹരിച്ചതെന്നാണ് ആരോപണം.
യഥാർത്ഥ വീഡിയോകൾ ഡൗൺലോഡ് ചെയ്ത ശേഷം അവയിൽ വ്യാജ ക്യുആർ കോഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ഉൾപ്പെടുത്തിയാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. നൂറിലധികം വീഡിയോകൾ ഇത്തരത്തിൽ തട്ടിപ്പിനായി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഷമീർ കുന്നമംഗലം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, ചണ്ഡീഗഢ്, ഒഡിഷ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ഒന്നര വർഷമായി തട്ടിപ്പ് തുടരുകയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. വിവിധ സംസ്ഥാനങ്ങളിലെ സാധാരണക്കാരായ ആളുകളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച ശേഷമാണ് പണം സമാഹരിച്ചതെന്നും പരാതിയിൽ പറയുന്നു.
തട്ടിപ്പിന്റെ വ്യാപ്തിയും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരിക്കുകയാണ് പരാതിക്കാർ.






