കോട്ടയം: കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനം. 39കാരി രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിച്ചതച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ജയൻ ശ്രീധരൻ ഒളിവിൽ പോക്കുകയായിരുന്നു. ഭാര്യയും മക്കളും സ്വത്ത് തട്ടിയെടുക്കും എന്നാരോപിച്ചാണ് ജയൻ മർദിച്ചതെന്നും രമ്യ പറഞ്ഞു.
ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ ജയൻ ശ്രീധരൻ രമ്യയെ മർദിച്ചത്. കുമാരനെല്ലൂരിലെ വീട്ടിൽ വെച്ച് നടന്ന ആക്രമണത്തിൽ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണുള്ളത്. മർദ്ദനത്തിൽ കാഴ്ചമങ്ങുകയും കേൾവി കുറയുകയും ചെയ്തുവെന്ന് രമ്യ പറഞ്ഞു. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് സംസാരിക്കാൻ പോലും കഴിഞ്ഞത്.
ശനിയാഴ്ച മർദ്ദനമേറ്റ് അവശയായ രമ്യയെ കണ്ട് മൂത്തമകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് വിശദമായി മൊഴി രേഖപ്പെടുത്തി കേസെടുത്തു. 381, 296, 115 വകുപ്പുകൾ പ്രകാരമാണ് കേസ്. രമ്യക്ക് നേരെയുള്ള ജയന്റെ ആക്രമണം തുടങ്ങിയിട്ട് വർഷങ്ങളായി. മുമ്പ് പലതവണ അതിക്രൂരമായി മർദിച്ചിട്ടുണ്ട്. ഏറെക്കാലം ഇരുവരും വിദേശത്തായിരുന്നു. ഖത്തറിൽ ആയിരുന്ന സമയത്തും സമാന രീതിയിൽ മർദിച്ചിരുന്നതായി രമ്യ പറയുന്നു. ഇവരുടെ മൂന്ന് മക്കളെയും ഉപദ്രവിക്കുമായിരുന്നു. മുമ്പ് രമ്യയുടെ പരാതിയിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. എന്നാൽ, ഇനി ഉപദ്രവം ആവർത്തിക്കില്ലെന്ന് ജയൻ പറഞ്ഞതോടെയാണ് കേസ് ഒത്തുതീർപ്പായത്.






